പോസ്റ്റുകള്‍

അത്ഭുതം

ഈ ലോകത്തെ മഹാത്ഭുതങ്ങൾ നാം വിസ്മയം കൂറുന്ന ആഢംബര നിർമിതികൾ മാത്രമല്ല ഇവിടെയുള്ള കുറച്ചു മനുഷ്യൻമാർ കൂടിയാണ്. ചതിയുടെയും സ്വാർത്ഥതയുടെയും ഈ കാലത്ത് മനസ്സിൽ നന്മയുടെ ഉറവ വറ്റാതെ കാക്കുന്ന ചില മനുഷ്യൻമാർ കൂടി .

ഗുഡ് നൈറ്റ്

അയാൾ തന്റെ വിവാഹ വാർഷികത്തിന് സമൂഹമാധ്യമങ്ങളിൽ ഇടാനായിട്ട് പഴയ ഫോട്ടോകൾ ഓരോന്നായിട്ട് കണ്ണോടിച്ചു. നാളെയാണ് തന്റെയും രാജിയുടെയും 20ആം വിവാഹ വാർഷികം. എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ഒരു വിപ്ലവമെന്നോണം അവളുടെ കൈ പിടിച്ച് തന്റെ ജീവിതത്തിലോട്ട് നടന്നു കയറുമ്പോൾ നാളെ എന്നത് വലിയ ഒരു ചോദ്യചിഹ്നമായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം ഒത്തിരി ദൂരം മുന്നോട്ട് വന്നിരിക്കുന്നു. രണ്ടു മക്കളും ഉന്നത പഠനത്തിനായി ഓരോ ദിക്കിലാണ്. ഇന്ന് ഈ ഫോട്ടോകളൊക്കെയും തന്നിൽ പഴയ കൗതുകം നിറയ്ക്കുന്നില്ലാന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. ഭൂതകാലത്തിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നിരുന്ന ആ നിമിഷങ്ങൾ ഓർക്കുമ്പോൾ തനിക്ക് ഇപ്പോ വിരസതയാണ് തോന്നുന്നത്.              തന്റെ തിരിച്ചറിവുകൾ കാട് കയറുന്നതിനിടെ അവളുടെ മെസേജ് നോട്ടിഫിക്കേഷൻ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞു. രചന! തന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ നിറം പകരുന്നത് രചനയാണ്. അവളുടെ മെസേജുകളും വീഡിയോ കോളുകളുമാണ് രാജിയുടെ വില്ലൻ ചുമക്കിടയിലും തനിക്ക് സംതൃപ്തി . രചനയുട സാമീപ്യം താൻ ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നു....

തണുപ്പ്

ഈ വർഷകാലം എനിക്ക് സമ്മാനിക്കുന്ന തണുപ്പ് മുൻപെങ്ങും ഇല്ലാത്ത വിധം ഞാൻ ആസ്വദിക്കുന്നു. ഈ തണുപ്പ് എന്നിൽ നിറയ്ക്കുന്ന മരവിപ്പ്  കൂട്ടികൊണ്ടുപോകുന്നത് നിർവികാരതയുടെ ഒരു താഴ്‌വരയിലോട്ടാണ്. അവിടെ പ്രണയമില്ല വാത്സല്യമില്ല സൗഹൃദമില്ല വിശപ്പില്ല. അവിടെ ഞാൻ എന്നെ തന്നെ മറക്കുന്നു. എന്തിനെന്നറിയാത്ത കുറച്ച് ചിന്തകൾ മാത്രം. നിമിഷായുസ്സിൽ മിന്നിമായുന്ന ഒരുപിടി ചിന്തകൾ . അതെ ഈ തണുപ്പ് എനിക്കിഷ്ടമാണ്

നല്ല വാർത്ത

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന് പാടിയത് മുരുകൻ കാട്ടാക്കടയാണ്. അതുപോലെ മങ്ങിയ വാർത്തകൾ നാം കേട്ടും മടുത്തിരിക്കുന്നു. ഇന്ന് ദ്യശ്യ മാധ്യമങ്ങളിൽ കൂടിയാണെങ്കിലും പത്രമാധ്യമങ്ങളിൽ കൂടിയാണെങ്കിലും അത്തരം മടുപ്പിക്കുന്ന വാർത്തകളാണ് നാം കേൾക്കുകയും കാണുകയും ചെയ്യുന്നത്. ഇവയൊക്കെയും നമ്മുക്കിടയിൽ നമ്മുടെ സഹജീവികൾക്കിടയിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളാണു താനും. എന്നിരുന്നാലും ഇത്തരം നെഗറ്റീവ് വാർത്തകൾ നമ്മുടെ ചിന്താശേഷിയേയും മാനസികാരോഗ്യത്തെയും പിറകോട്ടടിക്കുന്നു.         പക്ഷേ ഒരുപാട് നല്ല വാർത്തകളും നമ്മുക്കിടയിൽ സംഭവിക്കുന്നുണ്ട്. നന്മ പകരുന്ന ഒരുപാട് നല്ല വാർത്തകൾ. പക്ഷേ അവയൊക്കെയും അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ ആരാലും അറിയപ്പെടാതെ പുറന്തള്ളപ്പെടുന്നു. നെഗറ്റീവ് വാർത്തകളോടുള്ള നമ്മുടെ അമിത ഔത്സുക്യം തന്നെ കാരണം. നമ്മുക്കിടയിലെ നല്ല വാർത്തകളെ അറിയുന്നതിൽ വൈമുഖ്യം കാണിക്കണ്ട . അവ എത്ര തന്നെ ചെറുതായാലും അതിൽ നിന്നു ലഭിക്കുന്ന  പോസിറ്റിവിറ്റി നമ്മുക്ക് ഊർജ്ജമാവുകേയുള്ളു.

അനിശ്ചിതത്വം

ഇന്നലെ വരെ ആധികാരികമായിരുന്നത് ഇന്ന് കൈയ്യെത്താ ദൂരത്തേക്ക് അകലുന്നു. ഇന്നലെ വരെ സുലഭമായിരുന്നത് ഇന്ന് വരൾച്ചയിലാണ്ടു പോയിരിക്കുന്നു. ഇന്നലെ വരെ നിറസാന്നിധ്യമായിരുന്നത് ഇന്ന് ഓർമ്മകൾ മാത്രമാവുന്നു. അനിശ്ചിതത്വമേ നിന്റെ പേരോ ജീവിതം ...

കടം കഥ

ആൾക്കാർ പറയാറുണ്ട് നമ്മുടെ ജീവിതത്തിലോട്ട് ഓരോരുത്തർ കടന്നുവരുന്നത് എന്തേലും കാരണം കൊണ്ടാണന്ന് അല്ലേൽ എന്തേലും ഒരു പാഠത്തിനാണെന്ന് . എന്നാൽ ചിലർ നമ്മുടെ ജീവിതത്തിലോട്ട് വന്നത് എന്തിനാണെന്ന് പോലും നമ്മുക്ക് മനസിലാവൂല . എന്തിനോ വന്നു. എങ്ങോട്ടോ പോയി. ഉത്തരം കിട്ടാത്ത ചില കടംകഥകൾ പോലെ ...

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ജീവിത പശ്ചാത്തലംകൊണ്ടും സാമൂഹികന്തരീക്ഷം കൊണ്ടും ദാരിദ്രവും പീഢനവും ഏറ്റുവാങ്ങി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെട്ട നിരാലംബരായ സ്ത്രീകളുട ഉന്നമനം സമൂഹത്തിന്റെ അനിവാര്യതയാണ്. നിർഭാഗ്യവശാൽ സ്ത്രീ ശാക്തീകരണം എന്ന മഹത്തായ ആശയത്തെ ഉയർന്ന ചിന്താഗതിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ അവരുടെ സൗകര്യാർത്ഥം ദുരുപയോഗം ചെയ്യുകയും ദുർവ്യാഖ്യാനം ചെയ്യുകയുമാണ്.