ഗുഡ് നൈറ്റ്
അയാൾ തന്റെ വിവാഹ വാർഷികത്തിന് സമൂഹമാധ്യമങ്ങളിൽ ഇടാനായിട്ട് പഴയ ഫോട്ടോകൾ ഓരോന്നായിട്ട് കണ്ണോടിച്ചു. നാളെയാണ് തന്റെയും രാജിയുടെയും 20ആം വിവാഹ വാർഷികം. എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ഒരു വിപ്ലവമെന്നോണം അവളുടെ കൈ പിടിച്ച് തന്റെ ജീവിതത്തിലോട്ട് നടന്നു കയറുമ്പോൾ നാളെ എന്നത് വലിയ ഒരു ചോദ്യചിഹ്നമായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം ഒത്തിരി ദൂരം മുന്നോട്ട് വന്നിരിക്കുന്നു. രണ്ടു മക്കളും ഉന്നത പഠനത്തിനായി ഓരോ ദിക്കിലാണ്. ഇന്ന് ഈ ഫോട്ടോകളൊക്കെയും തന്നിൽ പഴയ കൗതുകം നിറയ്ക്കുന്നില്ലാന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. ഭൂതകാലത്തിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നിരുന്ന ആ നിമിഷങ്ങൾ ഓർക്കുമ്പോൾ തനിക്ക് ഇപ്പോ വിരസതയാണ് തോന്നുന്നത്.
തന്റെ തിരിച്ചറിവുകൾ കാട് കയറുന്നതിനിടെ അവളുടെ മെസേജ് നോട്ടിഫിക്കേഷൻ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞു. രചന! തന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ നിറം പകരുന്നത് രചനയാണ്. അവളുടെ മെസേജുകളും വീഡിയോ കോളുകളുമാണ് രാജിയുടെ വില്ലൻ ചുമക്കിടയിലും തനിക്ക് സംതൃപ്തി . രചനയുട സാമീപ്യം താൻ ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നു.
തന്റെ നാൽപ്പതുകളുടെ മധ്യത്തിൽ രാജിയുടെ അസുഖത്തിനായി ഹോസ്പിറ്റൽ നട കയറിയിറങ്ങുന്നത് തനിക്കൊരു ബാധ്യത തന്നെയാണ്. തന്നെ യാതൊരു രീതിയിലും തൃപ്തിപ്പെടുത്താത്ത ഈ ദാമ്പത്യത്തിൽ താൻ അസ്വസ്ഥനാണന്ന തിരിച്ചറിവു കൂടിയാണ് അയാളെ രചനയിലേക്ക് കൂടുതൽ അടുപ്പിച്ചത്.
'വിനയേട്ടാ ചോറ് വിളമ്പട്ടെ' പുറകിൽ നിന്നുള്ള രാജിയുടെ വിളി അവഗണിച്ചു കൊണ്ട് അയാൾ ഫോണുമായി പതിയേ മുറ്റത്തേക്കിറങ്ങി. വിനയന്റെയും രചനയുടെയും ലോകത്തേക്ക് മാത്രമായി അയാൾ ചുരുങ്ങി. തന്റെ ഓഫീസിൽ പുതിയതായി വന്ന രചനയുമായി വളരെ വേഗത്തിലാണ് അയാൾ ചങ്ങാത്തം സ്ഥാപിച്ചത്. അവളിലോട്ടുള്ള ദൂരം കുറയുന്നതായി അയാൾക്ക് തോന്നി. മണിക്കൂറുകൾ നിമിഷങ്ങളാവുന്നു. വിശപ്പിന്റെ വിളി സഹിക്കാതായപ്പോളാണ് സമയം നോക്കുന്നത്. മണി പതിനൊന്നരയാവുന്നു. രചനയേ ചുടു ചുംബനങ്ങളാൽ പൊതിഞ്ഞ് ഇന്നത്തേക്കുള്ള സല്ലാപം മതിയാക്കി ഉറങ്ങാൻ വിട്ടു.
പതിയെ അടുക്കള വാതിൽ വഴി അയാൾ അകത്തു പ്രവേശിച്ചു. സിങ്കിൽ പാത്രങ്ങൾ കഴുകാതെ ഇട്ടിരിക്കുന്നു. ഇവൾക്ക് പകലെന്താണിത്ര പണി . പിറുപിറുത്തു കൊണ്ട് അയാൾ ഹാളിലോട്ട് കയറി. ഡൈനിംഗ് ടേബിളിൽ തല ചായ്ച്ച് രാജി തളർന്നുറങ്ങുന്നു. ഒറ്റ നിമിഷം കൊണ്ട് അയാളുടെ ദേഷ്യം ഉറഞ്ഞു പോയി. തന്നെ കാത്തിരുന്നു മടുത്തിട്ട് ഉറങ്ങി പോയതാണ്. തനിക്കുള്ള അത്താഴം എടുത്ത് വച്ചിട്ടുണ്ട്. അയാൾ ഒന്നുകൂടി അവളുടെ മുഖത്തേക്ക് കണ്ണോടിച്ചു. നര കയറി തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും തന്റെ വീട്ടിലെ ചൂടും പുകയുമേറ്റിട്ടും അവളുടെ മുഖത്തെ പഴയ പ്രഭ മങ്ങിയിട്ടില്ല. കൈകളിൽ പൊള്ളിയതിന്റെയും മുറിഞ്ഞതിന്റെയും നിരവധി പാടുകൾ . വല്ലാത്തൊരു കുറ്റബോധം അയാളിൽ അരിച്ചു കയറി. കഴിഞ്ഞ 20 വർഷങ്ങൾ അയാളുടെ ഉള്ളിൽ മിന്നി മാഞ്ഞു.
വിനയന്റെ കാൽ പെരുമാറ്റം കേട്ട് അവൾ ചാടിയെണീറ്റു. 'ക്ഷീണം കാരണം ഉറങ്ങി പോയി വിനയേട്ടാ സോറി! കറി ഞാൻ ഇപ്പോൾ ചൂടാക്കി കൊണ്ടു വരാം' അതും പറഞ്ഞ് അവൾ അടുക്കളയിലോട്ട് പോയി. രാജിയുടെ മുൻപിൽ താൻ എത്ര ചെറുതാന്നെന്ന് ഓർത്തപ്പോൾ അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി. അപ്പോഴും രചനയുടെ മെസേജ് നോട്ടിഫിക്കേഷൻ ഫോണിൽ തെളിഞ്ഞു. ഗുഡ് നൈറ്റ് ഡിയർ!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ