പോസ്റ്റുകള്‍

സിഗ്നൽ

ജീവിതത്തിലെ പല അപ്രതീക്ഷിത സമയങ്ങളിലും കാലം നമുക്ക് ചില 'സിഗ്നലുകൾ' ഇട്ട് തരും . സ്വയം തിരുത്താനുള്ള ചില അടയാളങ്ങൾ . അവ തിരിച്ചറിഞ്ഞ് മുന്നേറുന്നവർ വിജയിക്കും. തിരിച്ചറിയാതെ പോകുന്നവർ പരാജയപ്പെടും. തിരിച്ചറിഞ്ഞിട്ടും അവഗണിക്കുന്നവർ ദുരന്തമാവും.

ക്യാമറ

നമ്മുടെ അനുദിന ജീവിതത്തിൽ  കണ്ണുകളിൽ കൗതുകമുണർത്തുന്ന ഒരു പിടി സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ മുന്നിൽ മിന്നി മാഞ്ഞു പോവാറുണ്ട്. അവയെല്ലാം ഒപ്പിയെടുക്കാൻ പാകത്തിൽ നമ്മുടെയെല്ലാം ശരീരത്തിൽ ഒരോ ഇൻബിൽറ്റ് ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര മേൽ സുന്ദരമായേനേ ഈ ജീവിതം

വൈറൽ

ചില ബന്ധങ്ങൾ ചില വൈറൽ പാട്ടുകൾ പോലെയാണ്. 'വൈറൽ' സമയത്ത് കൂടെ കൂടെ അവ കേൾക്കാൻ തോന്നും. പിന്നെ പിന്നെ അവ അരോചകമായി മാറും. 

ചിന്ത

ഒരു വേള ചിലർ ഇല്ലാതെ ജീവിതം മുന്നോട്ട് പോകില്ലന്ന തോന്നലിൽ നിന്ന് അവർ നമ്മുടെ വിദൂര ചിന്തകളിൽ പോലും ഇടം പിടിക്കാതെ പോകുന്ന അവസ്ഥ തന്നെയാണ് ജീവിതത്തിലെ വൈരുദ്ധാത്മകത

തണൽ

അടുക്കളയിൽ നിന്നുള്ള അമ്മയുടെ ആക്രോശം കേട്ടാണ് ഉറക്കം തെളിയണത് . എണീറ്റ പാടെ ഫോണിനായി പരതി. സമയം 8.30 ആയതേയുള്ളു. ഇതിനാണോ അമ്മ ഈ പരാക്രമം കാട്ടിയത്. ഇനിയുമെത്ര സമയം ഉറങ്ങാൻ ? ഉറക്കം പോയ സ്ഥിതിക്ക് ആകെയുള്ള ഡാറ്റ തീർക്കാൻ ഞാൻ ഫോണിലോട്ട് കണ്ണു നട്ടു. എല്ലായിടത്തും പരിസ്ഥിതി ദിനത്തിന്റെ സ്റ്റാറ്റസുകൾ . ഓ ഇന്നാണോ ആ ദിനം . എന്റെ എന്തു സംഭാവന കൊടുക്കണമെന്നോർത്ത് ഞാൻ മുറ്റത്തേക്കിറങ്ങി. ആകെയുള്ള 5 സെന്റ് സ്ഥലത്ത് എന്തോന്ന് എടുത്തു നടാൻ . ഞാൻ ആകെ ഒന്നു കണ്ണോടിച്ചു. ആകെ ഫോട്ടോ എടുക്കാൻ പറ്റിയ 'മൂഡ് ' ഉള്ള സ്ഥലം ആ തുളസി ചെടി നിക്കണമിടമാണ്. പിന്നെ ഒന്നും നോക്കിയില്ല. ഉള്ള തുളസി ചെടി പിഴുതുകളഞ്ഞു. അമ്മ അടുക്കള വശത്ത് നട്ടിരുന്ന കറിവേപ്പില തൈ പറിച്ചു അവിടെ നട്ടു. ഒരു ഒന്നാന്തരം സ്റ്റാറ്റസും ഇട്ടു . കൂടെ ഒരു ക്ലിഷേ അടിക്കുറിപ്പും " ഇന്ന് നാം അനുഭവിക്കുന്ന തണൽ നമ്മൾ നട്ടതല്ല". അങ്ങനെ വർത്തമാന കാലത്തെ കപട പരിസ്ഥിതി വാദികളുടെ കൂടെ ഞാനും ...

സിദ്ധി

മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത് അവന് ചിരിക്കാനുള്ള കഴിവുണ്ട് കരയാനുള്ള കഴിവുണ്ട് ബുദ്ധിശക്തി ഉള്ളതു കൊണ്ടാണന്നൊക്കെ നാം പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ അവൻ ഈ പ്രപഞ്ചത്തിൽ വ്യത്യസ്ഥനാകുന്നത് അവന് സ്വപ്നം കാണാനുള്ള സിദ്ധിയുള്ളതു കൊണ്ടാണ്. എത്ര നിരാശ പൂണ്ട മനുഷ്യൻ പോലും ഏതാനും നിമഷത്തേക്ക് യുക്തിയുടെ അതിർ വരമ്പുകൾക്ക് അതീതമായി ഒരു സ്വപ്ന ലോകത്തേക്ക് യാത്ര പോവാറുണ്ട്. നമ്മുടെ ഭാവനകൾക്ക് ചിറക് മുളക്കുന്ന ഈ യാത്ര ഇല്ലായിരുന്നെങ്കിൽ ഈ ഭൂമിയിലെ ജീവിതത്തോട് നമുക്ക് എന്നേ വിരക്തി തോന്നിയേനേ...

വാതിൽ

ഓരോ വീടിനും  അനുയോജ്യമായ രീതിയിലാണ് അതിന്റെ വാതിൽ വരുന്നത്. ആ വാതിൽ വഴിയാണ് ആ വീട്ടീലോട്ട് പ്രവേശിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗം. മറിച്ച് ജനലു വഴിയോ അഥവാ മേൽക്കൂര പൊളിച്ചോ മറ്റോ കയറുവാൻ ശ്രമിച്ചാൽ അത് വളരെ ദുഷ്കരമായി തീരും. അത് പോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും . ഓരോ പ്രശ്നവും പരിഹരിക്കാൻ അതിന് യോജിച്ച ഒരു മാർഗം ഉണ്ട് . ആ മാർഗം കണ്ടെത്തുക എന്നതിലാണ് നമ്മുടെ വിജയം. അതിനു പകരം മറ്റ് മാർഗ്ഗങ്ങൾ തേടുമ്പോഴാണ് ഏത് പ്രശ്നങ്ങളും ദുഷ്കരമാകുന്നത്. ഏത് പ്രശ്നത്തേയും അതിനു അനുയോജ്യമായ രീതിയിൽ സമീപിക്കുക. വാതിലുകൾ നമ്മുടെ മുൻപിൽ തുറന്നു വരുക തന്നെ ചെയ്യും.