പോസ്റ്റുകള്‍

തണൽ

അടുക്കളയിൽ നിന്നുള്ള അമ്മയുടെ ആക്രോശം കേട്ടാണ് ഉറക്കം തെളിയണത് . എണീറ്റ പാടെ ഫോണിനായി പരതി. സമയം 8.30 ആയതേയുള്ളു. ഇതിനാണോ അമ്മ ഈ പരാക്രമം കാട്ടിയത്. ഇനിയുമെത്ര സമയം ഉറങ്ങാൻ ? ഉറക്കം പോയ സ്ഥിതിക്ക് ആകെയുള്ള ഡാറ്റ തീർക്കാൻ ഞാൻ ഫോണിലോട്ട് കണ്ണു നട്ടു. എല്ലായിടത്തും പരിസ്ഥിതി ദിനത്തിന്റെ സ്റ്റാറ്റസുകൾ . ഓ ഇന്നാണോ ആ ദിനം . എന്റെ എന്തു സംഭാവന കൊടുക്കണമെന്നോർത്ത് ഞാൻ മുറ്റത്തേക്കിറങ്ങി. ആകെയുള്ള 5 സെന്റ് സ്ഥലത്ത് എന്തോന്ന് എടുത്തു നടാൻ . ഞാൻ ആകെ ഒന്നു കണ്ണോടിച്ചു. ആകെ ഫോട്ടോ എടുക്കാൻ പറ്റിയ 'മൂഡ് ' ഉള്ള സ്ഥലം ആ തുളസി ചെടി നിക്കണമിടമാണ്. പിന്നെ ഒന്നും നോക്കിയില്ല. ഉള്ള തുളസി ചെടി പിഴുതുകളഞ്ഞു. അമ്മ അടുക്കള വശത്ത് നട്ടിരുന്ന കറിവേപ്പില തൈ പറിച്ചു അവിടെ നട്ടു. ഒരു ഒന്നാന്തരം സ്റ്റാറ്റസും ഇട്ടു . കൂടെ ഒരു ക്ലിഷേ അടിക്കുറിപ്പും " ഇന്ന് നാം അനുഭവിക്കുന്ന തണൽ നമ്മൾ നട്ടതല്ല". അങ്ങനെ വർത്തമാന കാലത്തെ കപട പരിസ്ഥിതി വാദികളുടെ കൂടെ ഞാനും ...

സിദ്ധി

മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത് അവന് ചിരിക്കാനുള്ള കഴിവുണ്ട് കരയാനുള്ള കഴിവുണ്ട് ബുദ്ധിശക്തി ഉള്ളതു കൊണ്ടാണന്നൊക്കെ നാം പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ അവൻ ഈ പ്രപഞ്ചത്തിൽ വ്യത്യസ്ഥനാകുന്നത് അവന് സ്വപ്നം കാണാനുള്ള സിദ്ധിയുള്ളതു കൊണ്ടാണ്. എത്ര നിരാശ പൂണ്ട മനുഷ്യൻ പോലും ഏതാനും നിമഷത്തേക്ക് യുക്തിയുടെ അതിർ വരമ്പുകൾക്ക് അതീതമായി ഒരു സ്വപ്ന ലോകത്തേക്ക് യാത്ര പോവാറുണ്ട്. നമ്മുടെ ഭാവനകൾക്ക് ചിറക് മുളക്കുന്ന ഈ യാത്ര ഇല്ലായിരുന്നെങ്കിൽ ഈ ഭൂമിയിലെ ജീവിതത്തോട് നമുക്ക് എന്നേ വിരക്തി തോന്നിയേനേ...

വാതിൽ

ഓരോ വീടിനും  അനുയോജ്യമായ രീതിയിലാണ് അതിന്റെ വാതിൽ വരുന്നത്. ആ വാതിൽ വഴിയാണ് ആ വീട്ടീലോട്ട് പ്രവേശിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗം. മറിച്ച് ജനലു വഴിയോ അഥവാ മേൽക്കൂര പൊളിച്ചോ മറ്റോ കയറുവാൻ ശ്രമിച്ചാൽ അത് വളരെ ദുഷ്കരമായി തീരും. അത് പോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും . ഓരോ പ്രശ്നവും പരിഹരിക്കാൻ അതിന് യോജിച്ച ഒരു മാർഗം ഉണ്ട് . ആ മാർഗം കണ്ടെത്തുക എന്നതിലാണ് നമ്മുടെ വിജയം. അതിനു പകരം മറ്റ് മാർഗ്ഗങ്ങൾ തേടുമ്പോഴാണ് ഏത് പ്രശ്നങ്ങളും ദുഷ്കരമാകുന്നത്. ഏത് പ്രശ്നത്തേയും അതിനു അനുയോജ്യമായ രീതിയിൽ സമീപിക്കുക. വാതിലുകൾ നമ്മുടെ മുൻപിൽ തുറന്നു വരുക തന്നെ ചെയ്യും.

ആനന്ദം

നാം നിസാരങ്ങളായി കരുതിയിരുന്ന ഒരു പിടി ജീവിതചര്യകൾ നമുക്ക് എത്രമാത്രം ആനന്ദം തന്നിരുന്നുവെന്ന തിരിച്ചറിവ് കൂടിയാണ് കൊറോണക്കാലം

സ്വപ്നങ്ങൾ

ചില നഷ്ട്ടങ്ങൾ സ്വപ്നങ്ങൾ ആയി തീർന്നിരുന്നെങ്കിലെന്ന്‌ ആശിച്ചു പോകുന്നു. ഉറക്കമുണരുമ്പോൾ മാഞ്ഞുപോവുന്ന സ്വപ്നങ്ങൾ പോലെ .

ത്വര

60 വയസ്സു കൊണ്ട് യൂസഫലി നേടിയത് 30ാം വയസ്സിൽ കിട്ടണമെന്നുള്ള ത്വര കൊണ്ടാണ് ഇന്നത്തെ പല യുവത്വങ്ങളും പരാജയമാവുന്നത്.

അശ്രീകരം

ബക്കറ്റിൽ വീണു കിടന്ന തുമ്പിയെ 'അശ്രീകരം' എന്നു പിറുപിറുത്തു കൊണ്ട് അയാൾ ചുരുട്ടിയെടുത്തു പുറത്തേക്കെറിഞ്ഞു. അതുവരെ ബക്കറ്റ് വെള്ളത്തിലെ നിലയിലാക്കയത്തിൽ പ്രാണനുവേണ്ടി ചിറകിട്ടടിച്ചിരുന്ന തുമ്പി അതിശയത്തോടെ തിരിഞ്ഞു നോക്കി. തങ്ങളുടെ വർഗ്ഗത്തെ കൊണ്ട് കല്ലുകൾ എടുപ്പിക്കുന്ന മനുഷ്യ വർഗ്ഗത്തിന്റെ കഥകൾ മാത്രം കേട്ട് വളർന്ന തുമ്പി തന്നോട് ദയാവായ്പ് കാണിച്ച അയാളെ കൃതഞ്ജതയോടെ നോക്കി ചിറകടിച്ചുയർന്നു...