പഴുത്തയില
അയാൾ തനിക്കാവുന്ന വിധത്തിൽ വേഗം നടന്നു. തണുത്തുറഞ്ഞ വഴികൾ നടന്നിട്ടും നടന്നിട്ടും തീരുന്നില്ലാത്തതു പോലെ അയാൾക്ക് തോന്നി. അകലെ കാണുന്ന പ്രകാശ ദ്വീപിലോട്ട് എത്രയും വേഗം എത്തണം . അയാൾ തീരുമാനിച്ചുറപ്പിച്ചു. വീശിയടിക്കുന്ന കാറ്റ് അയാളുടെ ശരീരിത്തിലോട്ട് ഒരു മരവിപ്പ് നിറയ്ക്കാനുള്ള ശ്രമത്തിലാണ്. അയാൾ കാലിന്റെ വേഗത കൂട്ടാൻ നോക്കി. പെട്ടെന്ന് അയാൾ വേദന കൊണ്ട് പുളഞ്ഞു. കാല് വലിച്ചു കൂടിയിരിക്കുന്നു. ഗോപി കട്ടിലിൽ എണീറ്റിരുന്നു. കണ്ണുകൾ തിരുമ്മി ഒന്നൂടി നോക്കി. പ്രകാശ ദ്വീപ് ഒരു സ്വപ്നമായിരുന്നുവെന്ന് ഗോപി തിരിച്ചറിഞ്ഞു. ആരാണ് അയാൾ? അത് താൻ തന്നെ ആയിരുന്നോ? എന്ത് തന്നെയാണേലും ഈ കാലിന്റെ വേദന സഹിക്കാവുന്നതിനുമപ്പുറം ആയിരിക്കുന്നു. കുറച്ചുനേരം ഇരുന്ന ഇരിപ്പിരുന്നാലേ ഈ വേദന മാറു. ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഗോപി എഴുന്നേറ്റു വീടിന്റെ വരാന്തയിൽ വന്നിരുന്നു. പത്രം വരുമ്പോഴെ വായിച്ചില്ലേൽ കിട്ടൂല്ല. പകൽ മുഴുവൻ വെറുതെ ഇരിക്കുവല്ലേ എപ്പൊഴേലും വായിച്ചാൽ മതിയല്ലോ എന്നാണ് മരുമകളുടെ കണ്ടുപിടിത്തം. പക്ഷേ തനിക്ക് അത് ആദ്യം വായിക്കണം. ഈ വിരസ ജീവിതത്തിൽ വിരക്തി ഇല്ലാതെ ചെയ്യാവുന്ന ചുരുക്കം കാര്യങ്ങളിൽ ഒന്നാണത്. തനിക്ക് ഇന്ന് 84 വയസ് തികഞ്ഞിരിക്കുന്നു. ഇടവം 6 ആണ് ജന്മദിനം. ഇന്നും മറവി വന്നു മൂടാത്ത തന്റെ ഒരു ബാല്യകാല ഓർമ. പക്ഷേ തന്റെ ജന്മദിനം ഇപ്പോൾ എല്ലാവർക്കും വയസ്സാൻ കാലത്തെ ഒരു അനാവശ്യമാണ്. ഓർമകൾ ജന്മദിന അനുഭവങ്ങൾ ചികഞ്ഞു തുടങ്ങിയപ്പോഴേക്കും വഷളൻ ചിരിയുമായി പത്രക്കാരൻ പയ്യൻ വന്നു. എന്താടാ താമസിച്ചേന്നു ചോദിക്കുമ്പോൾ ഇന്നു കുറച്ചു താമസിച്ചൂന്നാ ആ പഹയന്റെ മറുപടി. അതുകൊണ്ട് ആ ചോദ്യം ഇപ്പോൾ ഒഴിവാക്കി. എറിഞ്ഞു തരുന്ന ആ കടലാസ് കഷണങ്ങൾ പല ആവർത്തി തിരിച്ചും മറിച്ചും വായിക്കും. പക്ഷേ ചരമകോളം മാത്രം വായിക്കില്ല. സമപ്രായക്കാരുടെ ചിരിക്കുന്ന മുഖം തനിക്ക് അലോസരമാണ്. അകത്ത് നിന്ന് ആക്രോശങ്ങളും അടക്കം പറച്ചിലുകളും കേൾക്കാം. എല്ലാവരും എണീറ്റു തുടങ്ങിയെന്ന് തോന്നുന്നു. ഇനി അകത്ത് ചെന്നിരുന്നില്ലേൽ തനിക്കു വേണ്ടി ഉണ്ടാക്കി വച്ചിട്ടു പോകുന്ന ചായ തണുത്തിരിക്കും. ചായ എടുത്തു വച്ചുന്ന് പറയാൻ തന്റെ ദേവകി ഇല്ലല്ലോ. കണ്ണില്ലാത്തപ്പോൾ കണ്ണിന്റെ വിലയറിയാന്നു മാത്രമല്ല, അന്ധകാരം ഇത്ര ഭയാനകമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. 45 വർഷം തന്റെ ശകാരവും പരിഹാസവും കേട്ട് കൂടെ കഴിഞ്ഞിരുന്ന അവൾ പോയതും ഒരു ഇടവ മാസത്തിലാണ്. ഇപ്പോൾ മരുമകൾ രാജിയുടെ യുഗം. ഈ ജന്മത്തിലെ ശിക്ഷകൾ ഇവടെ വച്ചു തന്നെ അനുഭവിക്കണമായിരിക്കും. ചിലപ്പോൾ മരിച്ചു ചെല്ലുമ്പോൾ സ്വർഗ്ഗം കിട്ടുവായിരിക്കും. "ചായ എടുത്തു വച്ചിരിക്കുന്നച്ഛാ" പതിവില്ലാത്ത രാജിയുടെ ശബ്ദം അയാളിൽ സന്തോഷം വിടർത്തി. രാജിയുടെ മുഖത്തെ ചിരി അപൂർവമായി കിട്ടുന്ന കാഴ്ചയാണ്. ഗോപി വീടിനകത്ത് കയറിയപ്പോഴേക്കും തനിക്കു വേണ്ടിയെന്നോണം മേശയിൽ പലഹാരം നിരത്തിയിരിക്കുന്നത് കണ്ടു. ഗോപി ഒന്നുകൂടി കണ്ണു തുറന്ന് നോക്കി രാവിലെ കണ്ട സ്വപ്നം തീർന്നില്ലേ? അല്ല സ്വപ്നമല്ല തനിക്കു വേണ്ടിയാണ് ഇവയത്രയും. അയാൾ എന്തെന്നില്ലാതെ ചിരിച്ചു. ഒരുപാട് നാൾ കൂടി മനസും വയറും നിറഞ്ഞു. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ പേടിച്ചാണ് മകനും മരുമകളും തന്നെ നോക്കുന്നതെന്ന് നന്നായിട്ടറിയാം. അതിനാൽ തന്നെ തന്റെ ഇഷ്ടാനുഷ്ടാനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല താനും. ആകെ ഒരു ആശ്വാസം ഗൾഫിൽ നിന്നു അവധിക്കു വരുന്ന മകൻ തനിക്കു സമ്മാനിക്കുന്ന സ്പ്രേ കുപ്പികളാണ്, അത് ഒട്ടും ആവശ്യമില്ലങ്കിൽ പോലും . അങ്ങനെ പ്രാതൽ കഴിഞ്ഞുള്ള വിശ്രമത്തിൽ ചിന്തകൾ കാടു കയറിയപ്പോഴാണ് രാജിയുടെ കാൽ പെരുമാറ്റം കേട്ടത്. "എന്റെ വീട്ടിൽ നിന്ന് അനിയനും നാത്തൂനും അവളുടെ വീട്ടുകാരൊക്കെ വരുന്നുണ്ട്. അതുകൊണ്ട് അച്ഛൻ ഇന്ന് ആ ചായപ്പിൽ കിടക്കണം" രാജി ശബ്ദം താഴ്ത്തി കാര്യം പറഞ്ഞു. അയാൾ ഒന്നും മിണ്ടിയില്ല. നിസംഗതയോടെ തല കുലുക്കി. ഇത്രയും നേരം തന്നിലുദിച്ച സംശയങ്ങൾക്ക് ഉത്തരം കിട്ടിയിരിക്കുന്നു. പതിവില്ലാത്ത വിരുന്ന് സിമിന്റ് തറയിൽ കിടക്കുന്നതിന്റെ പാരതോഷികം ആയിരിന്നു. താൻ ഒരു പഴുത്തയിലയാണല്ലോ കൊഴിഞ്ഞ ഇല നിലത്താണല്ലോ കിടക്കേണ്ടത്. സ്വപനത്തിൽ കണ്ട പ്രകാശദ്വീപിലോട്ടുള്ള ദൂരം കുറഞ്ഞിരുന്നെങ്കിലെന്ന് ഗോപി വെറുതെ ആശിച്ചു. ജന്മദിനത്തിൽ കിട്ടിയ ആശംസാ വാക്കുകൾ ചുളിഞ്ഞ കവിൾ തടങ്ങളിൽ വീഴിച്ച കണ്ണീർ കണങ്ങളെ മായ്ച്ചുകളയുന്നതിനിടെക്ക് വീടിനു താഴെ ഒരു വണ്ടി വന്നു നിന്നു . വീട്ടിൽ വന്നു കയറുന്ന അതിഥികളെ സ്വീകരിക്കാനെന്നോണം അയാൾ എഴുന്നേറ്റ് തൂണിൽ ചാരി നിന്നു . ഒരു വഷളൻ ചിരിയുമായി ....
👌👌👌👌
മറുപടിഇല്ലാതാക്കൂBeautiful writing 👌❤
മറുപടിഇല്ലാതാക്കൂ