പോസ്റ്റുകള്‍

വഴികാട്ടി

ഇമേജ്
പ്രകൃതി കാണിച്ചു തരുന്ന ഒട്ടനവധി അതിജീവന കാഴ്ചകളിൽ ഒന്നാണിത്. തന്റെ വളർച്ചക്ക് വിഘാതമായി നിന്ന കോൺക്രീറ്റ് മതിൽ തനിക്ക് താങ്ങായി നിർത്തി കൊണ്ടു തന്നെ വളർന്നു കയറിയ ഈ ആൽമരം നമ്മുടെ ചിന്താസരണികളിൽ തീയായി പടരേണ്ടതാണ്. കൊഴിഞ്ഞു വീഴേണ്ട തന്റെ ജീവിതം കാഴ്ച്ചക്കാർ അത്ഭുതം കൂറുന്ന തരത്തിൽ മാറ്റിയെടുത്ത ഈ ആൽമരവും നമ്മുക്ക് വഴികാട്ടിയാവട്ടെ .  (വൈക്കം കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തം നിന്നുള്ള ദൃശ്യം)

ജലം

പ്രണയം ജലം പോലെയാണ് ജലം അതിന്റെ പവിത്രതയിൽ പരിപാലിക്കുമ്പോൾ അത് അമൂല്യമാവുന്നു. നമ്മുടെ ജീവന്റെ നിലനിൽപ്പിന് ആവശ്യമായി തീരുന്നു. എന്നാൽ അവയെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോൾ അത് മലിനമാവുന്നു. അത് പോലെ തന്നെയാണ് പ്രണയവും. പ്രണയം അത് അർഹിക്കുന്ന ബഹുമാനത്തിൽ കൈകാര്യം ചെയ്യുമ്പോൾ പവിത്രമായി തീരുന്നു. അതിനെ ദുരുദ്ദേശപരമായി ഉപയോഗിക്കുമ്പോൾ പ്രണയവും വിഷലിപ്തമാവുന്നു. ജലത്തിന് ക്ഷാമം വരുമ്പോൾ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാവുന്നു, പ്രണയത്തിന്റെ ദൗർലഭ്യം ജീവിതത്തിന്റെയും.ജലം സർവ്വ സാന്നിധ്യമാണ് പ്രണയവും . ജലം പ്രായഭേദമന്യേ ജീവനാഡിയാണ് പ്രണയവും. പ്രണയവും ഒഴുകട്ടെ ജലം പോലെ ...

ബലി

സ്വന്തം ഇഷ്ടം ബലി കൊടുത്ത് വീട്ടുകാരുടെ താത്പര്യത്തിനു വഴങ്ങേണ്ടി വരുന്ന ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥയാണ് പ്രണയത്തിന്റെ ഏറ്റവും വലിയ ക്രൂര മുഖം

അത്ഭുതം

ഈ ലോകത്തെ മഹാത്ഭുതങ്ങൾ നാം വിസ്മയം കൂറുന്ന ആഢംബര നിർമിതികൾ മാത്രമല്ല ഇവിടെയുള്ള കുറച്ചു മനുഷ്യൻമാർ കൂടിയാണ്. ചതിയുടെയും സ്വാർത്ഥതയുടെയും ഈ കാലത്ത് മനസ്സിൽ നന്മയുടെ ഉറവ വറ്റാതെ കാക്കുന്ന ചില മനുഷ്യൻമാർ കൂടി .

ഗുഡ് നൈറ്റ്

അയാൾ തന്റെ വിവാഹ വാർഷികത്തിന് സമൂഹമാധ്യമങ്ങളിൽ ഇടാനായിട്ട് പഴയ ഫോട്ടോകൾ ഓരോന്നായിട്ട് കണ്ണോടിച്ചു. നാളെയാണ് തന്റെയും രാജിയുടെയും 20ആം വിവാഹ വാർഷികം. എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ഒരു വിപ്ലവമെന്നോണം അവളുടെ കൈ പിടിച്ച് തന്റെ ജീവിതത്തിലോട്ട് നടന്നു കയറുമ്പോൾ നാളെ എന്നത് വലിയ ഒരു ചോദ്യചിഹ്നമായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം ഒത്തിരി ദൂരം മുന്നോട്ട് വന്നിരിക്കുന്നു. രണ്ടു മക്കളും ഉന്നത പഠനത്തിനായി ഓരോ ദിക്കിലാണ്. ഇന്ന് ഈ ഫോട്ടോകളൊക്കെയും തന്നിൽ പഴയ കൗതുകം നിറയ്ക്കുന്നില്ലാന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. ഭൂതകാലത്തിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നിരുന്ന ആ നിമിഷങ്ങൾ ഓർക്കുമ്പോൾ തനിക്ക് ഇപ്പോ വിരസതയാണ് തോന്നുന്നത്.              തന്റെ തിരിച്ചറിവുകൾ കാട് കയറുന്നതിനിടെ അവളുടെ മെസേജ് നോട്ടിഫിക്കേഷൻ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞു. രചന! തന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ നിറം പകരുന്നത് രചനയാണ്. അവളുടെ മെസേജുകളും വീഡിയോ കോളുകളുമാണ് രാജിയുടെ വില്ലൻ ചുമക്കിടയിലും തനിക്ക് സംതൃപ്തി . രചനയുട സാമീപ്യം താൻ ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നു....

തണുപ്പ്

ഈ വർഷകാലം എനിക്ക് സമ്മാനിക്കുന്ന തണുപ്പ് മുൻപെങ്ങും ഇല്ലാത്ത വിധം ഞാൻ ആസ്വദിക്കുന്നു. ഈ തണുപ്പ് എന്നിൽ നിറയ്ക്കുന്ന മരവിപ്പ്  കൂട്ടികൊണ്ടുപോകുന്നത് നിർവികാരതയുടെ ഒരു താഴ്‌വരയിലോട്ടാണ്. അവിടെ പ്രണയമില്ല വാത്സല്യമില്ല സൗഹൃദമില്ല വിശപ്പില്ല. അവിടെ ഞാൻ എന്നെ തന്നെ മറക്കുന്നു. എന്തിനെന്നറിയാത്ത കുറച്ച് ചിന്തകൾ മാത്രം. നിമിഷായുസ്സിൽ മിന്നിമായുന്ന ഒരുപിടി ചിന്തകൾ . അതെ ഈ തണുപ്പ് എനിക്കിഷ്ടമാണ്

നല്ല വാർത്ത

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന് പാടിയത് മുരുകൻ കാട്ടാക്കടയാണ്. അതുപോലെ മങ്ങിയ വാർത്തകൾ നാം കേട്ടും മടുത്തിരിക്കുന്നു. ഇന്ന് ദ്യശ്യ മാധ്യമങ്ങളിൽ കൂടിയാണെങ്കിലും പത്രമാധ്യമങ്ങളിൽ കൂടിയാണെങ്കിലും അത്തരം മടുപ്പിക്കുന്ന വാർത്തകളാണ് നാം കേൾക്കുകയും കാണുകയും ചെയ്യുന്നത്. ഇവയൊക്കെയും നമ്മുക്കിടയിൽ നമ്മുടെ സഹജീവികൾക്കിടയിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളാണു താനും. എന്നിരുന്നാലും ഇത്തരം നെഗറ്റീവ് വാർത്തകൾ നമ്മുടെ ചിന്താശേഷിയേയും മാനസികാരോഗ്യത്തെയും പിറകോട്ടടിക്കുന്നു.         പക്ഷേ ഒരുപാട് നല്ല വാർത്തകളും നമ്മുക്കിടയിൽ സംഭവിക്കുന്നുണ്ട്. നന്മ പകരുന്ന ഒരുപാട് നല്ല വാർത്തകൾ. പക്ഷേ അവയൊക്കെയും അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ ആരാലും അറിയപ്പെടാതെ പുറന്തള്ളപ്പെടുന്നു. നെഗറ്റീവ് വാർത്തകളോടുള്ള നമ്മുടെ അമിത ഔത്സുക്യം തന്നെ കാരണം. നമ്മുക്കിടയിലെ നല്ല വാർത്തകളെ അറിയുന്നതിൽ വൈമുഖ്യം കാണിക്കണ്ട . അവ എത്ര തന്നെ ചെറുതായാലും അതിൽ നിന്നു ലഭിക്കുന്ന  പോസിറ്റിവിറ്റി നമ്മുക്ക് ഊർജ്ജമാവുകേയുള്ളു.